ചെന്നൈ∙ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കെതിരെ തമിഴ്‌നാട് സർക്കാർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ‘ഡിഎംകെ ഫയൽസി’ന്‍റെ പേരിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും മന്ത്രിമാരെയും അണ്ണാമലൈ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്.
ഏപ്രിൽ 14നാണ്, ഡിഎംകെ നേതാക്കളും മന്ത്രിമാരുമായ ഉദയനിധി സ്റ്റാലിൻ, ദുരൈ മുരുകൻ, ഇ.വി വേലു, കെ. പൊൻമുടി, വി. സെന്തിൽ ബാലാജി തുടങ്ങിയവർ 1.34 ലക്ഷം കോടി രൂപ അഴിമതിയിലൂടെ സമ്പാദിച്ചതായി ആരോപിച്ച് അണ്ണാമലൈ രംഗത്തുവന്നത്. 2011ൽ ചെന്നൈ മെട്രോയുടെ കരാറിനായി എം.കെ.സ്റ്റാലിൻ 200 കോടി രൂപ വാങ്ങി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന കമ്പനിയിലെ ഡയറക്ടർമാരാണെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ വി ശബരീശനും ചേർന്ന് 30,000 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ ഒരാളുമായി നടത്തിയ സംഭാഷണം ഏപ്രിൽ 20ന് കെ.അണ്ണാമലൈ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു ൃവിട്ടുതുടർന്ന് ഏപ്രിൽ 25ന് വീണ്ടും ബിജെപി നേതാക്കൾ പളിനിവേൽ ത്യാഗരാജന്‍റെ മറ്റൊരു ശബ്ദസന്ദേശം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ കുടുംബം അഴിമതി നടത്തുന്നതായി ആരോപിക്കുന്നതായിരുന്നു രണ്ടാമത്തെ ശബ്ദസന്ദേശം. അതേസമയം തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ധനമന്ത്രി പളിനിവേൽ പിന്നീട് പ്രതികരിച്ചിരുന്നു. പരാമർശങ്ങളുടെ പേരിൽ അണ്ണാമലൈ മാപ്പ് പറയില്ലെന്ന് ബിജെപി അറിയിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും ബിജെപി വ്യക്തമാക്കി. ഡിഎംകെ നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന് ആരും പരാതി നൽകിയിട്ടില്ലെന്ന് ഡിഎംകെ എംപി ആർ.എസ്. ഭാരതി പറഞ്ഞു. അണ്ണാമലൈ ആരോപണം ഉന്നിയിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും സ്വത്ത് വിവരങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് സത്യാവാങ്മൂലത്തിൽ വെളിപ്പെടുത്തിയതാണ്. എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ഇവരുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാമെന്നും ഭാരതി വ്യക്തമാക്കി.