ഭർത്താവിൻ്റെ മരണത്തെപ്പറ്റി പുസ്തകമെഴുതിയ യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. കഴിഞ്ഞ വർഷം ഭർത്താവ് മരണപ്പെട്ട ഇവർ, പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്കായി, അവരുടെ വിഷമം മറികടക്കുന്നതിനു വേണ്ടിയാണ് പുസ്തകമെഴുതിയത്. ഇതിനു പിന്നാലെ ഭർത്താവിന് വിഷം കൊടുത്തുകൊന്നു എന്ന കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ യൂടായിൽ കൗരി റിചിൻസ് എന്ന യുവതിയാണ് അറസ്റ്റിലായത്. കമാസിലെ വീട്ടിൽ വച്ച് ഭർത്താവിന് ഇവർ വിഷം കൊടുത്തു എന്നാണ് കേസ്. 2022 മാർച്ചിലാണ് റിചിൻസിൻ്റെ ഭർത്താവ് എറിക് റിചിൻസ് മരണപ്പെട്ടത്. ഒരു വീട് വിറ്റതിൻ്റെ ആഘോഷത്തിൽ താൻ ഭർത്താവിന് വോഡ്ക മിക്സ് ചെയ്ത് നൽകി എന്ന് കൗരി പറയുന്നു. വോഡ്ക നൽകിയതിനു ശേഷം മക്കളുടെ മുറിയിലേക്ക് പോയി. തിരികെവന്നപ്പോൾ ഭർത്താവ് പ്രതികരണമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ താൻ 911ൽ വിളിച്ച് അധികൃതരെ വിവരമറിയിച്ചു എന്നും കൗരി പറയുന്നു.
പോസ്റ്റ്മാർട്ടത്തിൽ 39കാരനായ എറികിൻ്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. നിയമവിരുദ്ധമായ ഫെൻ്റനൈൽ ആണ് ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകക്കുറ്റത്തിനൊപ്പം നിയമവിരുദ്ധമായ മയക്കുമരുന്ന് കൈവശം വച്ചതിനും ഇവർക്കെതിരെ കേസെടുത്തു.
ഭർത്താവ് മരണപ്പെട്ടതിനു ശേഷം ഇവർ ‘ആർ യൂ വിത്ത് മീ?’ എന്നൊരു പുസ്തകമെഴുതിയിരുന്നു. പിതാവ് മരണപ്പെട്ട കുട്ടികളുടെ മാനസിക നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുസ്തക രചന. ഈ പുസ്തകം പ്രമോട്ട് ചെയ്യാൻ ഇവർ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് അഭിമുഖം നൽകി. ഇതിന് രണ്ട് മാസങ്ങൾക്കു ശേഷമാണ് ഇവർ കുറ്റക്കാരിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
തൻ്റെ കട്ടിലിനരികെ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ടിട്ടാണ് മക്കളുടെ മുറിയിലേക്ക് പോയതെന്ന് ഇവർ പൊലീസിനു മൊഴിനൽകിയിരുന്നു. എന്നാൽ, മക്കളുടെ മുറിയിലേക്ക് പോകുന്നതിനും 911ൽ വിളിക്കുന്നതിനുമിടയിൽ പലതവണ ഈ ഫോൺ അൺലോക്ക് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഈ സമയത്ത് ഇവർ ഒരു മെസേജ് അയച്ചിരുന്നു എന്നും മറ്റൊരു മെസേജ് സ്വീകരിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തി. പിന്നീട് ഈ മെസേജുകൾ ഡിലീറ്റ് ചെയ്തു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.