വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം. എല്ലാ വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഈ ആനുമതി നൽകുമെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സന്ദർശക വിസയിൽ എത്തിയവർക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ സാധിക്കും.
രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്നു മാസം വരെ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്താരാഷ്ട്ര ലൈസൻസുള്ളവർ, സുൽത്താനേറ്റ് അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ള വിനോദ സഞ്ചാരികൾ എന്നിവർ ആണ് ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ അനുമതി നൽകിയിരുന്നത്.
ഒമാന്റെ പുതിയ തീരുമാനം രാജ്യത്തിന് ഗുണം ചെയ്യും എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. റെന്റ് എ കാർ വിപണിയെ ഉണർത്താൻ ഇത് സഹായിക്കുമെന്ന് അൽ ഖൂദിലെ റെന്റ് എ കാർ സ്ഥാപനത്തിലെ അഹമ്മദ് അൽ കൽബാനി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കാണ് കാർ വാടകക്ക് കൊടുക്കാൻ താൽപര്യമുള്ളതെന്ന് അദ്ദേഹം പറയുന്നു. സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ ഭൂപ്രകൃതി കാണാൻ വിനോദസഞ്ചാരികളെ സഹായിക്കുന്നതാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. ഇതോടെ രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തും.