ദില്ലി: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നും, ഫോൺ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആദ്യഘട്ടത്തില്‍ പരിശോധന നടപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നിരുന്നു. പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്നതടക്കം പരിശോധിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് എന്‍എഐ നല്‍കുന്ന വിവരം.
കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻഐഎ കൊച്ചി യൂണിറ്റ് അന്വേഷിക്കും. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ അന്വേഷണത്തിന് വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും എൻഐഎ അന്വേഷിക്കും.