ദില്ലി: നിയമങ്ങൾ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 1.73 കോടി രൂപയാണ് എച്ച്എസ്ബിസി പിഴയിനത്തിൽ കെട്ടിവെക്കേണ്ടത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 (സിഐസി റൂൾസ്) ലംഘിച്ചതിനാണ് ആർബിഐയുടെ നടപടി. എച്ച്എസ്ബിസി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകിയെന്ന് സെൻട്രൽ ബാങ്ക് ആരോപിച്ചു.
റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ബാങ്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തി.സിഐസി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ബാങ്കിന് ആർബിഐ പിഴ ചുമത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2021 മാർച്ച് 31 വരെ എച്ച്എസ്ബിസി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ പരിശോധന നടത്തിയിരുന്നു. ഇതോടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ആർബിഐയുടെ പല നിയമങ്ങളും ബാങ്ക് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സിഐസി റൂൾസ് അനുസരിച്ച് ശരിയായ വിവരങ്ങൾ നൽകാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആർബിഐ എച്ച്എസ്ബിസി ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
എച്ച്എസ്ബിസി ബാങ്കിന് പുറമെ രണ്ട് സഹകരണ ബാങ്കുകൾക്കും തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിന് ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. സ്വർണ വായ്പയുമായി ബന്ധപ്പെട്ട നിയമങ്ങൾ അവഗണിച്ചതിന് ട്രിച്ചൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 2 ലക്ഷം രൂപ പിഴ ചുമത്തി. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾക്കായി ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ട് സ്കീമിൽ (ഡിഇഎഎഫ് സ്കീം) കൃത്യസമയത്ത് പണം നിക്ഷേപിക്കാത്തതിന് ഭിലായ് നാഗരിക് സഹകാരി ബാങ്കിന് 1.25 ലക്ഷം രൂപ പിഴ ചുമത്തി.