കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിൽ എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിൽ ആണുള്ളത്. അതുകൊണ്ടാണ് ഡോ.വന്ദന പോലീസിന്റെ കൺമുന്നിൽ കൊല ചെയ്യപ്പെട്ടത്. സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നത് ഗൗരവമായി പരിശോധിക്കണം എന്നും കേന്ദ്രമന്ത്രി കോട്ടയത്ത് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി. മുരളീധരൻ.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം. കൊട്ടാരക്കരയിൽ സംഭവിച്ചതിൽ വീഴ്ച വരുത്തിയവർക്ക് എതിരെ നടപടി ഉണ്ടാകണം എന്നും വി.മുരളീധരൻ പറഞ്ഞു.
ഡോ. വന്ദനദാസിന് എതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ ആരോഗ്യമന്ത്രി മാപ്പ് പറയണം. അക്രമികൾക്ക് ഒപ്പമാണ് സർക്കാർ എന്ന സന്ദേശം നൽകുന്ന അപക്വമായ പ്രതികരണം ആണ് വീണ ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.