സുഡാനിലെ രക്ഷാ പ്രവർത്തനങ്ങൾ സൗദി അറേബ്യ അവസാനിപ്പിച്ചു. ഇതിനകം എണ്ണായിരത്തിലേറെ പേരെ സുഡാനിൽ നിന്ന് സൗദിയിൽ എത്തിച്ചിട്ടുണ്ട്. പതിനൊന്നായിരത്തിലേറെ പേരെ മറ്റു രാജ്യങ്ങളിലേക്ക് സൗദി വഴി രക്ഷപ്പെടുത്തുകയും ചെയ്തു.
ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്നും സൗദി പൗരന്മാരെയും മറ്റു രാജ്യക്കാരെയും രക്ഷിച്ച് സൗദിയിലെത്തിക്കുന്ന ദൗത്യം അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ വ്യക്തമാക്കി. 8455 പേരെയാണ് സൗദി ഇതുവരെ സുഡാനിൽ നിന്നും സൗദിയിലെത്തിച്ചത്. സുഡാനിൽ ആയിരുന്ന 404 സൗദി പൗരൻമാർക്കും 110 രാജ്യങ്ങളിൽ നിന്നുള്ള 8051 പേർക്കും ഇതിൻറെ പ്രയോജനം ലഭിച്ചു.
സൗദി നേവിയുടെ കപ്പലുകളും എയർഫോഴ്സ് വിമാനങ്ങളുമാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. ഇതിന് പുറമെ നിരവധി സുഹൃദ് രാജ്യങ്ങൾക്ക് അവരുടെ പൗരന്മാരെ സുഡാനിൽ നിന്നും സൗദി വഴി നാട്ടിലെത്തിക്കാനുള്ള സൗകര്യവും സൗദി ചെയ്തു. 11184 പേരാണ് ഇങ്ങിനെ സൗദി വഴി അവരുടെ രാജ്യങ്ങളിൽ എത്തിയത്. ഓപ്പറേഷൻ കാവേരി വഴി 3,600 –ഓളം ഇന്ത്യക്കാരും സുഡാനിൽ നിന്നു നാട്ടിലെത്തിയത് സൗദി വഴിയാണ്. സൗദിയിൽ എത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൂർണമായ പരിചരണം നൽകിയതായും സൗദി അറിയിച്ചു.