ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മഹാ വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം .
സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. അതിനിടയിൽ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി കെ പറഞ്ഞു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ മാധ്യമങ്ങളോട് സംസാരിച്ചത്. ഭാരത് ജോഡോ യാത്രയെയും ഡികെ പരാമർശിച്ചു.
അതിവൈകാരികമായിരുന്നു ഡി കെയുടെ പ്രതികരണം. വെല്ലുവിളി ഉയർത്തി ബിജെയുടെ വിലയ താര നിര മുന്നിൽ നിന്ന് നയിച്ച റാലികളും പ്രചാരണങ്ങളും മറുപക്ഷത്ത് നടന്നിട്ടും അതിനെയെല്ലാം നിക്ഷ്പ്രഭമാക്കി വിജയം നേടിയ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ആൾ എന്നതിനാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഡി കെയുടേത് കൂടിയാണ്. കനക്പുര മണ്ഡലത്തിൽ നിന്ന് വിജയിക്കുക കൂടി ചെയ്തതോടെ ഇനി അറിയേണ്ടത് ഡി കെ ശിവകുമാർ കർണാടകുയുടെ മുഖ്യമന്ത്രിയാകുമോ എന്നതാണ്!