കർണാടകയിൽ കോൺഗ്രസ് നേട്ടം കൊയ്യുമ്പോൾ വൻ തിരിച്ചടി നേരിട്ട് സിപിഐഎമ്മും. വൻ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയിൽ സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വട്ടവും മണ്ഡലത്തിൽ മൂന്നാമതായിരുന്ന സിപിഐഎമ്മിന് ഇത്തവണ ജെഡിഎസ് പിന്തുണയായിരുന്നു പ്രതീക്ഷ. കെജിഎഫ് എന്നറിയപ്പെടുന്ന കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിൽ സിപിഐയും സിപിഐഎമ്മും നേർക്കുനേർ മത്സരിച്ചപ്പോൾ ആറാമതായാണ് ഇപ്പോൾ സിപിഐഎമ്മുള്ളത്.
ബാഗേപ്പള്ളിയിൽ കെആർ പുരത്തും കെജിഎഫിലും ഗുൽബർഗ റൂറലിലുമാണ് സിപിഐഎം ഇത്തവണ മത്സരിച്ചത്. ബാഗേപ്പള്ളിയിൽ 15 സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് ആകെ 15ാം റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 18000 വോട്ട് പോലും നേടാനായില്ല. ആകെ 11 ശതമാനം വോട്ടാണ് ഈ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ സമ്പാദ്യം. 28 റൗണ്ട് വോട്ടെണ്ണിയ കെആർ പുരം മണ്ഡലത്തിൽ സിപിഐഎമ്മിന് ആകെ കിട്ടിയത് 1123 വോട്ടാണ്. കോലാർ ഗോൾഡ് ഫീൽഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് 16ാം റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ കിട്ടിയത് വെറും ആയിരം വോട്ടാണ്. ഇവിടെ സിപിഐ സ്ഥാനാർത്ഥിക്ക് കിട്ടിയത് 881 വോട്ടാണ്.
ഗുൽബർഗ റൂറൽ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി തങ്കരാജിന് 16 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ ആകെ ലഭിച്ചത് 722 വോട്ടാണ്. ഈ നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സിപിഐഎം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത്.
കർഷകർക്കും തൊഴിലാളികൾക്കും വലിയനിലയിൽ സ്വാധീനമുള്ള മണ്ഡലത്തിൽ വൻതോതിലുള്ള പ്രചാരണപരിപാടികളായിരുന്നു സിപിഐ എം നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജന്റെ നേതൃത്വത്തിൽ 2022-ൽ ബഹുജനറാലി അടക്കം നടത്തിയിരുന്നു. വൻ ജനപങ്കാളിത്തമുണ്ടായിരുന്ന റാലിയിൽ കർണാടകയിലെ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾക്കെതിരേ പിണറായി ശക്തമായ ഭാഷയിൽ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.