ചെന്നൈ∙ ദ്രാവിഡ മണ്ണിനെ ബിജെപി മുക്തമാക്കാനായത് 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തുടക്കമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘കോൺഗ്രസിന്റെ വിജയം സമാനസ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കുക, രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കുക, എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുക, ജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതി എന്നിവയ്ക്കെതിരെയുള്ള വിധിയെഴുത്താണ് കോൺഗ്രസിന്റെ വിജയം. കന്നഡിഗർ അവരുടെ അഭിമാനം തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ചു’’.-എം.കെ.സ്റ്റാലിൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി,സിദ്ധരാമയ്യ,ഡി.കെ.ശിവകുമാർ എന്നിവരെ ഫോണിൽ വിളിച്ച് എം.കെ.സ്റ്റാലിൻ അഭിനന്ദിച്ചു. കർണാടക ഹിന്ദുത്വ ലാബോറട്ടറിയാക്കാനുള്ള ശ്രമങ്ങൾക്കാണ് തിരിച്ചടിയേറ്റതെന്ന് എംഡിഎംകെ അധ്യക്ഷൻ വൈകോ പ്രതികരിച്ചു.
മക്കൾ നീതി മയ്യം പ്രസിഡന്റ് നടൻ കമൽഹാസനും രാഹുൽ ഗാന്ധിയെ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. മഹാത്മാ ഗാന്ധിയെപ്പോലെ, രാഹുൽ ഗാന്ധിയും ജനങ്ങളുടെ ഹൃദയത്തിലേക്ക് നടന്നു കയറി. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ്, ജനങ്ങൾ കോൺഗ്രസിന് വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.