കണ്ണൂർ: കർണാടകയിലെ ബിജെപിയുടെ പരാജയത്തെപ്പറ്റി അവിടത്തെ നേതാക്കൾ പറയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണ്, താൻ ഉള്ളത് കേരളത്തിലും. ബിജെപി മുൻപും ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്ഥാനമില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്. ബിജെപി ജനങ്ങളോടൊപ്പമാണ്. രാജ്യത്തിന്റെ വികസനവും പുരോഗതിയുമാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചരണം നടത്തിയങ്കിലും അതൊന്നും കർണാടകയിൽ ഫലം കണ്ടില്ല.