ന്യൂയോർക്ക്: സ്വവർഗാനുരാഗിയായ വിദ്യാർഥിയുടെ മരണത്തിൽ മൂന്നുമാസത്തിനുശേഷം 19 കാരൻ ന്യൂയോർക്കിൽ അറസ്റ്റിൽ. ഇസിയ ബേസ് എന്നയാളാണു കേസിൽ പിടിയിലായത്. ഒരാഴ്ച മുൻപ് 24 കാരനായ റെമി മക്പ്രെസിയ എന്നയാളും പിടിയിലായിരുന്നു. ബ്രൂൿലൈനിലെ ചരക്കു റെയിൽവേ ട്രാക്കില്‍ ഫെബ്രുവരി ഏഴിനാണു മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത മൃതദേഹം ട്രാക്കിൽ കണ്ടെത്തിയെന്ന ഫോൺ കോൾ പൊലീസിന് ലഭിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തി പൊലീസ് നടത്തിയ പരിശോധനയിൽ ശരീരമാകെ പൊള്ളലേറ്റ മുറിവുകള്‍ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കു വെടിയേറ്റതായും സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് ഡിആൻഡ്രെ മാത്യു എന്നയാളാണു കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിക്കുകയായിരുന്നു. മാത്യുവിനെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി ആറിനാണു മാത്യുവിനെ അവസാനമായി കണ്ടത്.
‘ഫെബ്രുവരി ആറിനു അഞ്ചുമണിക്ക് ജോലിക്കായി സഹോദരൻ പുറത്തുപോയി. പിന്നീടു തിരിച്ചുവന്നെങ്കിലും അമ്മയുടെ എസ്‍യുവിയുമായി വീണ്ടും തിരികെ പോയി’. പിന്നീട് സഹോദരനെ കണ്ടിട്ടില്ലെന്നായിരുന്നു മാത്യുവിന്റെ സഹോദരി പറഞ്ഞത്. മകന്റെ മരണത്തിൽ വളരെ വൈകാരികമായായിരുന്നു അമ്മയുടെ പ്രതികരണം. വെടിയുതിർക്കുക മാത്രമല്ല, മകനെ തീകൊളുത്തുകയും പ്രതി ചെയ്തതായി അമ്മ പറഞ്ഞു. പ്രതിയോടു ‘നരകത്തിലേക്ക് പോകു’ എന്നും അമ്മ പ്രതികരിച്ചു