തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോയിൽനിന്ന് ഒൻപതര കോടി രൂപ വിലവരുന്ന 6.2 കിലോ സ്വർണം പിടികൂടി. സംഭവത്തിൽ എയർ കാർഗോ ഏജന്റ് സുരേന്ദ്രൻ, കെ.എസ്.ഐ.ഇ.യിലെ ഡ്രൈവറും പത്തനംതിട്ട സ്വദേശിയുമായ ഹാരോൾഡ് ഫിലിപ്പ്, ഇവരിൽനിന്ന് സ്വർണം വാങ്ങി കാസർകോട് എത്തിക്കാനെത്തിയ സംഘത്തിലൊരാളായ കണ്ണൂർ സ്വദേശി അമൽരാജ് എന്നിവരെ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തു.
ശംഖുംമുഖത്തുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തിലുള്ള എയർകാർഗോ വഴി സ്വർണം കടത്താനായിരുന്നു പദ്ധതി.
ബുധനാഴ്ച പുലർച്ചെ ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിൽ യാത്രക്കാരനില്ലാതെ അയച്ച അൺ ഒക്യുപ്പൈഡ് ബാഗിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ബാഗിന്റെ അകത്തും ഡോർ ലോക്കിലുമായി 6.2 കിലോ തൂക്കമുള്ള സ്വർണം ദണ്ഡ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കാർഗോയിലെത്തുന്ന ബാഗിൽനിന്നു സ്വർണമെടുത്ത് ഏജന്റുമാർക്ക് കൈമാറുന്നവരാണ് സുരേന്ദ്രനും പത്തനംതിട്ട സ്വദേശിയായ ഹാരോൾഡ് ഫിലിപ്പും. ആരാണ് സ്വർണം അയച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
Leave a Comment
Your comment will be visible after admin approval.