Saturday, October 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: റഷ്യ നടത്തുന്ന അധിനിവേശത്തിനും യുദ്ധത്തിനുമിടെ യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്ക്കി വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്നലെ ശനിയാഴ്‌ച (13/05/23) വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വൈകുന്നേരം 4 മണിക്ക് ശേഷം, കനത്ത സുരക്ഷയോടെ കവചിത വാഹനത്തിലാണ് സെലെൻസ്ക്കി വത്തിക്കാനിൽ എത്തിയത്. പോൾ ആറാമൻ ഹാളില്‍ യുക്രൈന്‍ പ്രസിഡന്‍റിനെ പാപ്പ സ്വീകരിച്ചു. “ഇത് വലിയൊരു ആദരവാണെന്നും ഈ സന്ദർശനത്തിന് നന്ദി” എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ഹസ്തദാനം നല്കി സ്വീകരിച്ചത്. പാപ്പായും പ്രസിഡൻറും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം ദീർഘിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പ്രസ്താവിച്ചു.

യുദ്ധത്തിൻറെ ഫലമായ മാനവിക-രാഷ്ട്രീയാവസ്ഥകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പാപ്പ തന്റെ നിരന്തരമായ പ്രാർത്ഥന ഉറപ്പു നല്‍കിയെന്നും യുക്രൈന്‍ ജനതയ്ക്കുവേണ്ടിയുളള മാനവികസേവനങ്ങൾ തുടരേണ്ടതിൻറെ ആവശ്യകതയ്ക്ക് ഇരുവരും ഊന്നൽ നല്‍കിയെന്നും കൂടുതൽ ദുർബ്ബലരായവർക്കും സംഘർഷത്തിനിരകളായ നിരപരാധികൾക്കും അടിയന്തിര മാനവികസഹായം നല്‍കേണ്ടതിൻറെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞുവെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പ, പ്രസിഡൻറ് സെലെൻസ്ക്കിക്ക് സമാധാനത്തിൻറെ പ്രതീകമായ ഒലിവുശാഖയുടെ വെങ്കലരൂപവും ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവ സാഹോദര്യ രേഖയും യുക്രൈനിലെ സമാധനത്തെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിച്ചു. പ്രസിഡൻറ് സെലെൻസ്കി പാപ്പായ്ക്ക് സമ്മാനമായി നല്കിയത് വെടിയുണ്ടയെ ചെറുക്കുന്ന ഒരു ഫലകത്തിൽ തീർത്ത ഒരു കലാസൃഷ്ടിയും, യുദ്ധവേളയിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെ സംബന്ധിച്ച്, “നഷ്ടം” എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഒരു ചിത്രവും ആയിരുന്നു.

ഫ്രാൻസിസ് പാപ്പായുമായി പ്രസിഡൻറ് സെലെൻസ്കി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. പ്രഥമ സന്ദർശനം 2020 ഫെബ്രുവരി 8-ന് ആയിരുന്നു. പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രസിഡൻറ് സെലെൻസ്കി വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറുമായി കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments