ഗുരുവായൂർ: ഞങ്ങൾ എന്തും ചെയ്യുമെന്ന ബി.ജെ.പിയുടെ ദാർഷ്ട്യത്തിന് ജനം നൽകിയ ചുട്ടമറുപടിയാണ് കർണാടക തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾ മുന്നോട്ട് കുതിക്കുന്നവരാണ് എന്ന ധാരണ സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് കർണാടക ഫലമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ പൊതുസാഹചര്യം മനസിലാക്കി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നിലപാട് സ്വീകരിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടും. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം പരിഗണിച്ചാവണം നിലപാട് സ്വീകരിക്കേണ്ടത്. കർണാടകയിൽ കോൺഗ്രസ് ജയിച്ചു. എന്നാൽ ആന്ധ്രയിലും തെലങ്കാനയിലും തമിഴ് നാട്ടിലും കേരളത്തിലും കോൺഗ്രസല്ല അധികാരത്തിൽ. ഈ സാഹചര്യം കോൺഗ്രസ് തിരിച്ചറിയണം. ഇക്കാര്യത്തിൽ അനാവശ്യ തർക്കങ്ങൾ ഉയരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ബി.ജെ.പിയെ തറപറ്റിക്കാൻ പ്രയോഗിക വഴിയൊരുക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ നിലനിൽപ്പാണ് പ്രധാനം. സംസ്ഥാന സർക്കാറിനെ അവഗണിക്കാനും ശ്വാസം മുട്ടിക്കാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് പിണറായി പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിനെ എതിർക്കാൻ യു.ഡി.എഫ് ബി.ജെ.പിയുടെ സഹായം തേടുകയാണ്. യു.ഡി.എഫ് എം.പിമാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ നിലപാടാണ് ലോക സഭയിൽ സ്വീകരിക്കുന്നത്.
ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ മതനിരപേക്ഷതക്ക് പോറലേൽപ്പിക്കുകയാണ്. മുസ്ലീങ്ങൾക്ക് നേരെയാണ് കൂടുതൽ ആക്രമണങ്ങളും. ക്രൈസ്തവരും ആക്രമിക്കപ്പെടുന്നുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് തങ്ങളെന്ന് ആർ.എസ്. തെളിയിക്കുകയാണെന്നും പിണറായി പറഞ്ഞു.