കെഎംസിസിക്ക് ആഗോള സംഘടന വരുന്നു. ജൂലൈയില്‍ കെഎംസിസി വര്‍ക്ക് ഷോപ്പില്‍ ഗ്ലോബല്‍ കെഎംസിസി എന്ന പേരില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഖത്തറില്‍ കെഎംസിസി സഹഭാരവാഹികളെ സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്പിലും ആസ്ത്രേലിയയിലുമടക്കം വിവിധ രാജ്യങ്ങളില്‍ നിലവില്‍ കെഎംസിസിക്ക് സംഘടനാ സംവിധാനമുണ്ട്. ഈ സംഘടനകള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരികയാണ് ഗ്ലോബല്‍ കെഎംസിസിയിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തര്‍ കെഎംസിസിയിലെ സഹഭാരവാഹികളെ വൈകാതെ തന്നെ പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കും. പ്രവാസി വോട്ടവകാശം സംബന്ധിച്ച വിഷയം ലീഗ് രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യും. ലീഗിന് സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാല്‍ വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയും. പുതിയ കാലത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കെഎംസിസി മുന്നോട്ടുവെക്കുന്നതെന്ന് പ്രസിഡന്‍റ് ഡോക്ടര്‍ അബ്ദുസ്സമദ് പറഞ്ഞു. കെഎംസിസി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പിഎസ്എം ഹുസൈന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.