ആലപ്പുഴ: കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീ നടന്മാരിൽ പലരും മയക്കുമരുന്നിന് അടിമകളാണെന്ന ഗുരുത ആരോപണവും സുധാകരൻ ഉന്നയിച്ചു. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ‘ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും’ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രതികരണം.
മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകൾ,’ സുധാകരൻ പറഞ്ഞു.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരൽ ചൂണ്ടിയത്. ഇരുവരും നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാ സംഘടനകൾ സംയുക്തമായി വിലക്കേർപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമ്മാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.