ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായിരുന്ന അഭിവന്ദ്യ ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 32-ആം ഓർമ്മപ്പെരുന്നാളും എംസിഎ ദിനാഘോഷവും ഒക്ടോബർ 11-ന് സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സംയുക്തമായി ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക–കാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. സെന്റ് ജൂഡ് ഇടവക വികാരി ഫാ. ബാബു മഠത്തിപ്പറമ്പിലും ഫാ. ജോണും സഹകാർമികരായി. എംസിഎ ദിനത്തോടനുബന്ധിച്ച് അൽമായർ വിശുദ്ധ കുർബാനയ്ക്ക് ശുശ്രൂഷകരായി സേവനമനുഷ്ഠിച്ചു. തുടർന്ന് ധൂപപ്രാർത്ഥനയും അനുസ്മരണ സമ്മേളനവും നടന്നു. ധൂപപ്രാർത്ഥനയ്ക്കു മുന്നോടിയായി നടത്തിയ അനുസ്മരണ സന്ദേശത്തിൽ മാർ സ്തേഫനോസ്, കാലത്തിനു മുമ്പേ നടന്ന പ്രവാചകനായിരുന്നു ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെന്ന് അഭിപ്രായപ്പെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ തുടക്കം മുതൽ അവസാനം വരെ സജീവമായി പങ്കെടുത്ത അദ്ദേഹം കൗൺസിലിന്റെ സന്ദേശങ്ങളും ദർശനങ്ങളും ഭാരതസഭയിൽ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകി. “സ്നേഹം മമ ദീപം” എന്ന ആപ്തവാക്യം ജീവിതാദർശമാക്കി ജാതി–മത–വർഗ–വർണ ഭേദമന്യേ എല്ലാവരുടെയും നന്മയ്ക്കായി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർ ഗ്രിഗോറിയോസ് തിരുമേനി എന്നും അദ്ദേഹം അനുസ്മരിച്ചു.

എംസിഎ പ്രസിഡന്റ് ഫിലിപ്പ് ജോൺ (ബിജു) ആമുഖപ്രസംഗം നടത്തി. അസാമാന്യമായ സാമൂഹിക പ്രതിബദ്ധതയിലൂടെയും സജീവമായ ഇടപെടലുകളിലൂടെയും മലങ്കര കത്തോലിക്കാ സഭയ്ക്ക് പൊതുസമൂഹത്തിൽ ഏറ്റവും ആദരണീയമായ സ്ഥാനം ഉറപ്പിക്കുന്നതിൽ മാർ ഗ്രിഗോറിയോസ് തിരുമേനി നിർണായക പങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എംസിസിഎല്ലിനെ പ്രതിനിധീകരിച്ച് ഡയാന തോമസും എംസിയെ പ്രതിനിധീകരിച്ച് നിർമല ശങ്കരത്തിലും അഭിവന്ദ്യ ഗ്രിഗോറിയോസ് പിതാവിനെ അനുസ്മരിച്ചു. ലിറ്റർജിക്കൽ വർഷാഘോഷത്തോടനുബന്ധിച്ച് എംസിഎ സംഘടിപ്പിച്ച ലിറ്റർജിക്കൽ ക്വിസ് മത്സരത്തിലെ വിജയികൾക്ക് അഭിവന്ദ്യ മാർ സ്തേഫനോസ് തിരുമേനി സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനം ബീന സാബുവും, രണ്ടാം സമ്മാനം അലക്സ് ജോണും, മൂന്നാം സമ്മാനം കൊച്ചുമോൾ സക്കറിയായും ഏറ്റുവാങ്ങി. എംസിഎ സെക്രട്ടറി ജോളി ജേക്കബ് നന്ദി രേഖപ്പെടുത്തി. എംസിഎ ട്രഷറർ വിജി ജോജിയും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. തുടർന്ന് നേർച്ചഭക്ഷണം വിതരണം ചെയ്തു. നിരവധി വിശ്വാസികൾ വിശുദ്ധ കുർബാനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.
Leave a Comment
Your comment will be visible after admin approval.