പി.പി.ചെറിയാൻ
വാഷിങ്ടൻ ഡി സി : ഫെഡറൽ ഗർഭച്ഛിദ്ര നിരോധനം ഏർപ്പെടുത്തുന്നത് യാഥാർഥ്യമല്ലെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി ഞായറാഴ്ച പറഞ്ഞു. ‘ഞാൻ അമേരിക്കൻ ജനതയോട് കള്ളം പറയില്ല. സെനറ്റിൽ 60 വോട്ടുകൾ ലഭിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല’. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം നൽകുകയായിരുന്നു ഹേലി. ഫെഡറൽ തലത്തിൽ, ഇത് യാഥാർഥ്യമല്ല. ഇത് അമേരിക്കൻ ജനതയോട് സത്യസന്ധത പുലർത്തുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.
ഗർഭച്ഛിദ്രത്തിന് എതിരാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹേലി, ഗർഭച്ഛിദ്രാവകാശത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാത്തതിന് തിരിച്ചടി നേരിട്ടിരുന്നു. ഞങ്ങൾ കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനും കഴിയുന്നത്ര അമ്മമാരെ പിന്തുണയ്ക്കാനും ശ്രമിക്കുന്നു ഞായറാഴ്ച നൽകിയ അഭിമുഖത്തിൽ ഹേലി പറഞ്ഞു.
ഇതുവരെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ പ്രവേശിച്ച ഏക വനിത സ്ഥാനാർഥിയായ ഹേലി ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ദേശീയ സമവായത്തിന് ആഹ്വാനം ചെയ്തിരുന്നു. 2016-ൽ സൗത്ത് കാരലൈന ഗവർണർ എന്ന നിലയിൽ 20 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന നിയമത്തിൽ ഇവർ ഒപ്പുവച്ചിരുന്നു.