ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റിൽ പടിഞ്ഞാറൻ മ്യാൻമറിൽ കനത്ത നാശനഷ്ടം. ഞായറാഴ്ചയാണ് മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിൽ സിറ്റ്വെയിൽ നിന്ന് (മ്യാൻമർ) 40 കിലോമീറ്റർ വടക്കും കോക്സ് ബസാറിൽ നിന്ന് (ബംഗ്ലാദേശ് ) 145 കിലോമീറ്റർ തെക്ക് കിഴക്കുമായുള്ള മ്യാൻമർ തീരത്ത് മോഖ കരതൊട്ടത്.
ഇതുവരെ ആറ് മരണങ്ങളാണ് മോഖയുമായി ബന്ധപ്പെട്ട് മ്യാൻമറിൽ റിപ്പോർട്ട് ചെയ്തത്. മോഖ കരതൊടുന്നതിന് മുന്നേയുണ്ടായ ശക്തമായ മഴയിൽ മരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 700ലേറെ പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ മ്യാൻമർ തീരത്ത് കുടുങ്ങിയ 1,000ത്തോളം പേരെ ഇന്നലെ ഒഴിപ്പിച്ചു. രാജ്യത്തെ പട്ടാള ഭരണകൂടം റഖിനെ സംസ്ഥാനത്ത് ദേശീയ ദുരന്തം പ്രഖ്യാപിച്ചു.
ഇവിടെ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മ്യാൻമറിലെ 850ലേറെ വീടുകൾ, 64 സ്കൂളുകൾ, 14 ആരോഗ്യ സംവിധാനങ്ങൾ, 7 കമ്മ്യൂണിക്കേഷൻ ടവറുകൾ എന്നിവ ഭാഗികമായോ പൂർണമായോ തകർന്നു. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ താറുമാറായി. അതേ സമയം, ബംഗ്ലാദേശിൽ ആളപായമില്ലെങ്കിലും കോക്സ് ബസാറിലെ നൂറുകണക്കിന് അഭയാർത്ഥി ക്യാമ്പുകൾ തകർന്നു.
ഇവിടുത്തെ അഭയാർത്ഥികളെ നേരത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മ്യാൻമറിന് മുകളിലൂടെ നീങ്ങിയ മോഖയുടെ വേഗത ഇന്നലെ മണിക്കൂറിൽ 120 കിലോമീറ്ററായി താഴ്ന്നിരുന്നു. വരും മണിക്കൂറിൽ മോഖയുടെ ശക്തി കൂടുതൽ ക്ഷയിക്കുമെന്നാണ് പ്രവചനം.