ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമുണ്ടാകും. ഇന്നലെ മുതൽ സിദ്ധരാമയ്യ ഡൽഹിയിൽ തങ്ങുന്നുണ്ട്. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഇന്ന് ഡൽഹിയിൽ എത്തും.
വയറു വേദനയുടെ പേര് പറഞ്ഞ് ശിവകുമാർ ഡൽഹി യാത്ര മാറ്റി വച്ചത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി.135 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യക്കാണെന്നാണ് റിപ്പോർട്ട്. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൻദീപ് സുർജെവാലയും കേന്ദ്രനിരീക്ഷകരും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എം.എൽ.എമാരുടെ പിന്തുണയും അവസാന മത്സരം എന്ന പ്രഖ്യാപനവും സിദ്ധരാമയ്യയ്ക്ക് ഗുണമാകും. ആദ്യ ടേം ലഭിക്കുമെങ്കിൽ മുഖ്യമന്ത്രി പദവി ശിവകുമാറുമായി പങ്കുവയ്ക്കാനും സിദ്ധരാമയ്യ തയ്യാറാണ്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രി പദവി പങ്കുവയ്ക്കുമെന്ന ധാരണ ഉണ്ടായെങ്കിലും ഫലവത്തായില്ല എന്നത് ഡി.കെ ശിവകുമാർ ഓർമിപ്പിക്കുന്നു. ഇന്നലെയായിരുന്നു ശിവകുമാറിന്‍റെ ജന്മദിനം.
പാർട്ടി ജന്മദിനസമ്മാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന വാക്കുകളിലൂടെ മുഖ്യമന്ത്രി പദവി ലഭിക്കാത്തത്തിലെ അസ്വസ്ഥതയും വ്യക്തമാക്കി.വലിയ വിജയം തന്‍റെ കഷ്ടപ്പാടിന്‍റെ ഫലമെന്നാണ് പല തവണ ശിവകുമാർ അവകാശവാദം ഉയർത്തിയത്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം വിജയത്തിന്‍റെ ശോഭ കെടുത്തുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്.