ഭോപ്പാൽ: രോഗബാധിതനായ കുഞ്ഞിന് ചികിത്സയ്ക്ക് പണമില്ലാതെ സഹായിക്കാനാരുമില്ലാതായതോടെ കുടുംബത്തിന്‍റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനായി മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് മകനെ വലിച്ചെറിഞ്ഞ് രക്ഷിതാക്കള്‍. മധ്യപ്രദേശിലെ സാഗറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കെടുത്ത പൊതുയോഗത്തിനെത്തിയ കുടുംബമാണ് തങ്ങളുടെ ഒന്നരവയസുകാരനായ മകനെ വേദിയിലേക്ക് എറിഞ്ഞതെന്ന് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് വേദനയോടെ മകനെ വലിച്ചെറിഞ്ഞതെന്ന് മാതാപിതാക്കളായ മുകേഷ് പാട്ടീലും ഭാര്യ നേഹയും പ്രതികരിച്ചു.സഹജ്പുരിലെ ഗ്രാമത്തില്‍ താമസിക്കുന്ന മുകേഷ് പാട്ടീലും ഭാര്യ നേഹയും അസുഖ ബാധിതനായ ഒരുവയസുള്ള കുട്ടിയെയും കൊണ്ട് സാഗറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിപാടിയിലേക്ക് എത്തുന്നത് എന്തെങ്കിലും രീതിയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാൻ ഇവരെ പൊലീസുകാർ അനുവദിച്ചില്ല. ഇതോടെയാണ് കുഞ്ഞിനെ വേദിയിലേക്ക് വലിച്ചെറിയാൻ മാതാപിതാക്കള്‍ തീരുമാനിച്ചത്. മകന് മൂന്ന് മാസം പ്രായമുള്ളപ്പോളാണ് ഹൃദയ സംബന്ധിയായ രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. രോഗം മാറാനായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനായി വലിയൊരു തുക വേണം. ഇത്രയും പണം കണ്ടെത്താൻ രക്ഷിതാക്കള്‍ക്കായില്ല.
ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഇത്രയും ഭീമമായ തുക തൊഴിലാളിയായ മുകേഷ് പാട്ടീലിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചില്ല. പണമില്ലാതെ ചികിത്സ മുടങ്ങുമെന്ന വന്നതോടെയാണ് മുകേഷ് പാട്ടീലും ഭാര്യയും മുഖ്യമന്ത്രിയുടെ മുന്നിൽ തങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്. ഈ പ്രതീക്ഷയോടെയാണ് ഇരവരും സാഗറിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിപാടിയിലേക്ക് എത്തിയത്. എന്നാൽ വേദിക്കരികിലെത്തിയ മുകേഷിനെയും ഭാര്യയേയും കുഞ്ഞിനെയും പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. മകന്‍റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിക്കാനെത്തിയതാണെന്ന് അറിയിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അരികിലേക്ക് പോകാൻ സമ്മതിച്ചില്ല. ഇതോടെ ഇവർ മകനെ എടുത്തുയർത്തി വേദിയിലേക്ക് എറിയുകയായിരുന്നു. പെട്ടന്ന് തന്നെ ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ എടുത്ത് മാതാപിതാക്കള്‍ക്ക് തിരിച്ച് നൽകി.വീഴ്ചയില്‍ കുഞ്ഞിന് ചെറിയ പരിക്ക് സംഭവിച്ചെങ്കിലും അപകടകരമായ മുറിവുകളൊന്നും സംഭവിച്ചില്ല. ഇതോടെ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരെ വിളിച്ച് കാര്യം തിരക്കി. വിവരമറിഞ്ഞതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കാനായി ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായി ദേശീയ മാദ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും മകന്‍റെ ചികിത്സയ്ക്കായി അധികാരികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുകേഷ് പാട്ടീലും ഭാര്യയും.