കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പല സ്ഥലങ്ങളിലും നടത്തിയ അപ്രതീക്ഷിത പരിശോധനകളില്‍ നൂറു കണക്കിന് പ്രവാസികള്‍ അറസ്റ്റിലായി.
ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസ്‍ക്യൂ പൊലീസ് എന്നിവയുടെ സഹകരണത്തോടെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ഹവല്ലി, ഖൈത്താന്‍, മഹ്‍ബുല, ഖുറൈന്‍ മാര്‍ക്കറ്റ്, ജഹ്റ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത പരിശോധന നടത്തി. താമസ നിയമങ്ങള്‍ ലംഘിച്ച 63 പ്രവാസികള്‍ അറസ്റ്റിലായി. കാലാവധി കഴിഞ്ഞ താമസ രേഖകളുമായി 40 പ്രവാസികളും അധികൃതരുടെ പിടിയിലായിട്ടുണ്ട്. 91 പേരെ തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതെ അറസ്റ്റ് ചെയ്‍തു.
സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 23 പേരെ പരിശോധനകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ട് പേരും അറസ്റ്റിലായി. പരിശോധനയ്ക്കിടെ നാല് പേര്‍ ലഹരി വസ്‍തുക്കളുമായി ഉദ്യോഗസ്ഥരുടെ പിടിയിലായി. ലഹരി വസ്‍തുക്കളുടെ കള്ളക്കടത്ത് നടത്തുകയായിരുന്ന ഒരാളും മദ്യവുമായി രണ്ട് പേരും മദ്യപിച്ച് വാഹനങ്ങള്‍ ഓടിക്കുകയായിരുന്ന ഒരാളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ചെറിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയ 423 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.