ദുബായ് : ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു.
യാത്രക്കാർക്ക് പുറമേ വിമാനത്താവളത്തിൽ ജോലിയിലുള്ള വിവിധ ഏജൻസികളുടെ ജീവനക്കാർക്കും പരിശോധന സൗജന്യമാണ്. ഇമിഗ്രേഷൻ വിഭാഗവും ‘തദാവീ ‘ മെഡിക്കൽ ഗ്രൂപ്പും സഹകരിച്ചാണ് പരിശോധനാ ക്യാംപെയ്ൻ. ഇന്റേണൽ മെഡിസിൻ, നേത്രരോഗം, എല്ല് രോഗം, വാർധക്യ സഹജരോഗങ്ങൾ, ഗൈനക്കോളജി, പ്രസവ ശുശ്രൂഷ ഫിസിയോ തെറാപ്പി, ഡർമറ്റോളജി, യൂറോളജി എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാണ്.
രക്തത്തിലെ വൈറ്റമിൻ അളവ്, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയതായി തദാവീ ഗ്രൂപ്പ് ചെയർമാൻ മർവാൻ നാസിർ പറഞ്ഞു. പരിശോധനകളുടെ ഫലം അപ്പോൾ തന്നെ നൽകും. ഇതിനായി വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും വിമാനത്താവളത്തിലുണ്ട്.