ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരിഗണിക്കാൻ എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയുണ്ടാകും.
സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്ക്ർതിരെ മിനിമ ശിക്ഷ ഉറപ്പാക്കും. കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തണം. അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്പെഷ്യൽ കോർട്ടും പ്രോസിക്യൂട്ടറിനെയും ഗവൺമെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.