ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ജാമ്യം മേയ് 31 വരെ നീട്ടി ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. മേയ് ഒൻപതിന് മുൻപ് റജിസ്റ്റർ ചെയ്ത ഒരു കേസിലും ഇക്കാലയളവിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതി നിർദേശിച്ചു.
ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിനു കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്. കോടതിയിൽ ഇമ്രാൻ ഹാജരായിരുന്നില്ല. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഇമ്രാനെതിരെ നൂറുലധികം കേസുകളാണ് രാജ്യത്ത് റജിസ്റ്റർ ചെയ്തെന്ന് പിടിഐ കോടതിയിൽ പറഞ്ഞു. ഈ കേസുകളുടെ എല്ലാം വിവരങ്ങൾ വേണമെന്നും പിടിഐ കോടതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം രേഖകൾ ഹാജരാക്കുന്നതിനായി മേയ് 31 വരെ സമയം അനുവദിച്ചു. കേസിൽ തുടർവാദം മേയ് 31ന് കേൾക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.