Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ; വീണാ ജോർജ്

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ; വീണാ ജോർജ്

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരി​ഗണിക്കാൻ എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയുണ്ടാകും.

സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്ക്ർതിരെ മിനിമ ശിക്ഷ ഉറപ്പാക്കും. കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തണം. അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്പെഷ്യൽ കോർട്ടും പ്രോസിക്യൂട്ടറിനെയും ഗവൺമെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.

അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.

ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആക്ട് ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിടുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയെ കരട് ഓർഡിനൻസ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments