ലാഹോർ: പാകിസ്താനിലെ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താൻ വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും രാജ്യം ശിഥിലമായിപ്പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷം തന്റെ പാർട്ടിക്കെതിരെ സൈന്യത്തെ ഇളക്കിവിടാൻ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ബുധനാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് ആരോപണങ്ങൾ തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 70കാരനായ അധ്യക്ഷൻ ആരോപണങ്ങൾ ഉന്നയിച്ചത്. രാഷ്ട്രീയ അസ്ഥിരതകൾക്ക് തെരഞ്ഞെടുപ്പ് മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
‘പി.ഡി.എം നേതാക്കൾക്കും ലണ്ടനിലുള്ള നവാസ് ഷരീഫിനോ രാജ്യത്തിന്റെ ഭരണഘടനയെ അപകീർത്തിപ്പെടുത്തപ്പെടുകയോ, സർക്കാർ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ, പാകിസ്ഥാൻ സൈന്യത്തിന് ചീത്തപ്പേരുണ്ടാകുകയോ ചെയ്യുമോയെന്ന കാര്യത്തിൽ ആശങ്കയില്ല. കൊള്ളയടിച്ച സമ്പത്ത് സംരക്ഷിക്കാനുള്ള തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണ് അവർക്കുള്ളത്’ ഇംറാൻ വിമർശിച്ചു.