കൊല്ലം: ഫോമായുടെ കേരളാ കണ്വന്ഷന് ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്വന്ഷന് സെന്ററിന് നടക്കുമെന്ന് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അറിയിച്ചു. ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, എം.എല്‍.എമാര്‍, മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന് തുടങ്ങിയവരും സാമൂഹിക, കലാ-സാംസ്കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങളും പങ്കെടുക്കും.
ഫോമായും കോഴഞ്ചേരിയിലെ മുത്തൂറ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് ഈ മാസം 30ന് മെഡിക്കല്‍ ക്യാമ്പ് നടത്തും. പത്തനംതിട്ട റാന്നി ഇടമുറിയിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് ക്യാമ്പ്.
പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരാണ് ഈ സ്ഥലം നിര്‍ദേശിച്ചതെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ രാജു എബ്രഹാം, തുടങ്ങിയവർ പങ്കെടുക്കും. എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ സ്മരണാര്‍ത്ഥമാണ് ക്യാമ്പ്.
ജൂണ്‍ മൂന്നിന് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 30 നെഴ്സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും. ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സുജ ഔസോയുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
തോമസ് ഒലിയാംകുന്നേല്‍ ആണ് കേരള കണ്വന്ഷന് ചെയര്മാന്. ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് കണ്വന്ഷന് കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ‘സമ്മര്‍ ടു കേരള’ എന്ന പരിപാടിയും ഫോമാ സംഘടിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ കേരളത്തിലെത്തിച്ച് തങ്ങളുടെ ജന്മനാടിന്റെ ചരിത്രവും സംസ്കാരവും പഠിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഫോമായുടെ കേരള കണ്വന്ഷന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സംഗമത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായും പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവർ അറിയിച്ചു.