ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപ്പാളിയല്ലാത്ത പർവതാരോഹകൻ എന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് ബ്രിട്ടീഷുകാരനായ കെന്റൺ കൂൾ. 17 തവണയാണ് കെന്റൺ എവറസ്റ്റ് കീഴടക്കിയത്. നേപ്പാൾ സ്വദേശിയായ കാമി റിത ഷെർപ്പയാണ് ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയത്. 27 തവണയാണ് ഇദ്ദേഹം ഷെർപ്പ എവറസ്റ്റ് കയറിയത്.
ഡോർജി ഗയെൽസെൻ ഷെർപ്പ, റിച്ചാർഡ് വാക്കർ എന്നിവരോടൊപ്പമാണ് കെന്റൺ കഴിഞ്ഞ ദിവസം എവറസ്റ്റ് കീഴടക്കിയത്. ഈ ആഴ്ചയിൽ മാത്രം നിരവധി റെക്കോർഡുകളാണ് എവറസ്റ്റിൽ പിറന്നത്. കഴിഞ്ഞ തിങ്കളാഴ്ച നേപ്പാൾ സ്വദേശിയായ പസങ് ദവ ഷെർപ്പ 26ാമത് തവണ എവറസ്റ്റ് കയറി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതോടെ കാമി റിത നേരത്തെ സ്ഥാപിച്ച റെക്കോർഡിന് ഒപ്പമെത്തുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ നേട്ടത്തിന് രണ്ട് ദിവസം മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ബുധനാഴ്ച കാമി റിത ഷെർപ്പ 27ാമത് തവണ കീഴടക്കി ഈ റെക്കോർഡ് തിരുത്തിയെഴുതി.
ലോകത്തിലെ ഏറ്റവും വലിയ പത്ത് കൊടുമുടികളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഷെർപ്പകളാണ് ലോകത്തിലെ ഏറ്റവും മികച്ച പർവതാരോഹകർ. കൊടുമുടികൾ കീഴടക്കാനെത്തുന്ന പർവതാരോഹകരുടെ സഹായികളായാണ് ഇവർ മിക്കപ്പോഴും ഈ കൊടുമുടികൾ കീഴക്കാറ്. പർവഹാരോഹണത്തിനായെത്തുന്ന വിദേശ സഞ്ചാരികളിലൂടെ വലിയ വരുമാനമാണ് ഓരോ വർഷവും നേപ്പാളിന് ലഭിക്കുന്നത്. നൂറുകണക്കിന് സാഹസികരാണ് എല്ലാ വർഷവും ഈ കൊടുമുടികൾ കയറാനായി ഇവിടെയെത്തുന്നത്.