മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം കർണാടകയിൽ ഇന്ന് പത്തുപേർ സത്യപ്രതിജ്ഞ ചെയ്യും. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചുമതലയേൽക്കും.
സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിറകെ കന്നി മന്ത്രിസഭാ യോഗവും ചേരും. കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി അവ അംഗീകരിച്ച് ഉത്തരവിറക്കി മന്ത്രസഭാ യോഗം പിരിയും.
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കു പുറമെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.