കർണാടകയിൽ സ്നേഹം വിജയിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് നിന്നും വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ്സ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
“നിങ്ങൾക്ക് അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. നമ്മൾ പറയുന്നത് ചെയ്തു കാണിക്കാറുണ്ട്. 1-2 മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതിരഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകും” – രാഹുൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ഇരു നേതാക്കൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാന്ധി കുടുംബാംഗങ്ങളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ ഉന്നതർ ചടങ്ങിൽ പങ്കെടുത്തു.