ന്യൂഡൽഹി∙ സുപ്രീംകോടതിയെ കേന്ദ്ര സർക്കാർ അപമാനിച്ചുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹി ഭരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ ആരു നിയന്ത്രിക്കുമെന്ന തർക്കത്തിൽ സുപ്രീംകോടതി പ്രഖ്യാപിച്ച തീരുമാനമാണ് പ്രത്യേക ഉത്തരവിലൂടെ കേന്ദ്രം അട്ടിമറിച്ചതെന്ന് കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
‘‘ഒരാഴ്ച കൊണ്ട് സുപ്രീംകോടതി വിധി കേന്ദ്രം അട്ടിമറിച്ചിരിക്കുന്നു. സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഇത് കോടതിയലക്ഷ്യവും കോടതിയെ അപമാനിക്കുന്ന നീക്കവുമാണ്. ഓർഡിൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ ഉത്തരവ് ഡൽഹി സർക്കാരിന്‍റെ പ്രവർത്തന വേഗതയെ ബാധിക്കും. എന്നാലും തടയാനാവില്ല’ – കേജ്‌രിവാള്‍ വ്യക്തമാക്കി.
ക്രമസമാധാനം, പൊലീസ്, റവന്യൂ എന്നിവ ഒഴികെയുള്ള ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലം മാറ്റവും ഡൽഹി സർക്കാരിനു നിയന്ത്രിക്കാമെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്രസർക്കാർ ഓർഡിൻഡ് കൊണ്ടുവന്നത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
2015 മുതൽ കേന്ദ്രസർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള തർക്കമാണ് പുതിയ ഓർഡിൻസിലൂടെ വീണ്ടും ശക്തിപ്പെടുന്നത്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമായി ഒരു അതോറിറ്റി രൂപീകരിക്കാൻ കേന്ദ്രം വെള്ളിയാഴ്ച ഓർഡിനൻസിലൂടെ തീരുമാനിക്കുകയായിരുന്നു. നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കാനാണ് ഓർഡിനൻസിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.