ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ക്വാഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വര്‍ഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും. ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ കഴിയുന്ന സുപ്രധാന ശക്തിമായി ക്വാഡ് വളര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകവും ജനാധിപത്യപരവുമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് സഖ്യം മുന്നോട്ട് പോകുന്നത്. മനുഷ്യരാശിയുടെ സമൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തനം തുടരും. അടുത്ത വര്‍ഷം ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതില്‍ സന്തോഷമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ ഹിരോഷിമയില്‍ ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, യു.എസ്. എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗം ചേര്‍ന്നത്. ജി സെവന്‍ ഉച്ചകോടിക്കിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരുമായും മോദി സൌഹൃദം പങ്കിട്ടു. ഹിരോഷിമയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. ചൈനയും റഷ്യയും ഉയര്‍ത്തുന്ന ഭീഷണികള്‍ മറികടന്ന്, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമുള്ള പൊതുസമീപനത്തിന് ജി സെവന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി.
പ്രതിസന്ധികളെ നേരിടാന്‍ പത്ത് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. നിര്‍മിത ബുദ്ധിയുടെ സുരക്ഷിതമായ ഉപയോഗത്തിന് ആഗോളതലത്തില്‍ ഏകീകൃത സാങ്കേതിക മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ജി 7 ആഹ്വാനം ചെയ്തു.