റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം വന്‍ ജനപ്രീതി നേടിയ അപൂര്‍വ്വ കഥയാണ് ദൃശ്യത്തിന് പറയാനുള്ളത്. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2013 ല്‍ പുറത്തെത്തിയ ദൃശ്യം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകള്‍ക്കൊപ്പം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയും അവിടെയെല്ലാം വന്‍ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 2021 ല്‍ എത്തിയ ദൃശ്യം 2 ഉും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിരുന്നു. ദൃശ്യം ഫ്രാഞ്ചൈസിക്ക് പല വിദേശ ഭാഷകളിലേക്കും റീമേക്ക് വരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതില്‍ ഒന്നിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.കൊറിയന്‍ ഭാഷയിലാണ് ദൃശ്യത്തിന്‍റെ രണ്ട് ഭാഗങ്ങളും ഒരുങ്ങുക. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്‍ഡോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭം ആയിരിക്കും കൊറിയന്‍ റീമേക്ക്. ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയ്ക്കാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ദൃശ്യത്തിന്‍റെ പല ഭാഷകളിലെ റൈറ്റ്സ് പനോരമ സ്റ്റുഡിയോസിനാണ്.
ജയ് ചോയ്, പാരസൈറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരം സോംഗ് കാംഗ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. സോംഗ് കാംഗ് ഹോ ആയിരിക്കും ദൃശ്യം റീമേക്കിലെ നായകനെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹോളിവുഡ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ മുന്‍ എക്സിക്യൂട്ടീവ് ജാക്ക് ഗൂയന്‍ ആയിരിക്കും ദൃശ്യം റീമേക്കിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത് എന്നത് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ആഹ്ലാദത്തിനുള്ള വക നല്‍കുന്നുണ്ട്.