സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റ് സംഘടിപ്പിക്കുന്ന 2022 – 2023 അധ്യയന വർഷത്തെ ‘സയൻസ് ഗാല’ 2023 മെയ് 26ന് കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച് വൈകിട്ട് 5 മണിക്ക് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ചെയർ പ്രൊഫ./സയന്റിസ്റ്റും, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫോ സർവീസ് മുൻഡയറക്ടറുമായ ഡോ.സതീഷ് സി ഷേണായി മുഖ്യാതിഥിയായെത്തുന്ന ചടങ്ങിൽ ഇന്ത്യയിലെയും കുവൈറ്റിലെയും പ്രമുഖർ സംബന്ധിക്കും.
ശാസ്ത്രപ്രതിഭ മത്സരവിജയികൾക്കും കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വച്ച് നൽകും. 2022 – 2023 അധ്യയനവർഷത്തെ ശാസ്ത്രപ്രതിഭ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച സ്കൂളിനുള്ള ‘ആചാര്യ ജെ. സി. ബോസ് പുരസ്കാരം’ ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (DPS) ന് നൽകും. വിജയികൾക്ക് ഡോ.സതീഷുമായി സംവദിക്കാനുള്ള പ്രത്യേക അവസരവും അന്നേ ദിവസം രാവിലെ 9.00ന് സാൽമിയ ഐബിസ് ഹോട്ടലിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണപ്രദമായ സയൻസ് ഗാല ഭാരതത്തിലെ പ്രമുഖരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരുമായും സംവദിക്കാനും ആശയവിനിമയം നടത്തുവാനുമുള്ള അപൂർവ അവസരമൊരുക്കുന്നു. പങ്കാളിത്തത്തിന്റെ ബാഹുല്യം കൊണ്ട് കുവൈറ്റിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷയാണ് വിജ്ഞാനഭാരതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രപ്രതിഭ മത്സരപരീക്ഷ. സിഫ് കുവൈറ്റ് പ്രവർത്തനങ്ങളിൽ കുവൈറ്റിലെ സാമൂഹ്യ- സാംസ്കാരിക-വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കാളികളാണ്.