ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.
മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാർ ദീർഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിക്കുന്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങള്‍ ആരോപിക്കുന്നു.
വിവാദം ഇങ്ങനെ നില്‍ക്കെ അടുത്തിടെ ഇതില്‍ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങള്‍ എത്തി. മെയ് 3ന് ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.