തിരുവനന്തപുരം: പാര്‍ട്ടി കൊടി പിടിക്കാത്തവരെ എസ്ടി പ്രമോട്ടര്‍മാരായി നിയമിക്കേണ്ടതില്ലെന്ന ആദിവാസി ക്ഷേമസമിതി നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ. പുതിയ പ്രമോട്ടര്‍മാരെ നിയമിക്കുമ്പോൾ സംഘടനാ ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്നും ശബ്ദ രേഖയിൽ പറയുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായി വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശം തീര്‍ത്തും വ്യക്തിപരമെന്ന് പറഞ്ഞൊഴിയുകയാണ് ആദിവാസി ക്ഷേമ സമിതി.
സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രമോട്ടര്‍മാരുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. പ്രമോട്ടര്‍മാരെ നിയമിക്കുമ്പോൾ പാര്‍ട്ടി ബന്ധമുള്ളവര്‍ തന്നെ വേണമെന്നാണ് ആദിവാസി ക്ഷേമ സമിതി നേതാവ് പറയുന്നത്. നിലവിലുള്ളവരെ പുനര്‍ നിയമനത്തിന് പരിഗണിക്കുകയാണെങ്കിൽ സംഘടനാ വിരുദ്ധരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കണം. എകെഎസ് സംസ്ഥാന കമ്മിറ്റി അംഗമാണ് വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടത്. സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയാണ് എകെഎസ്.
ആദിവാസി 20 ന് പ്രമോട്ടര്‍മാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. 12 ആയിരം രൂപയാണ് ശമ്പളം. തിരുവനന്തപുരം ജില്ലയിൽ മാത്രം 50 ഒഴിവുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങൾക്ക് പാര്ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ കത്ത് പുറത്ത് വന്നത് സിപിഎമ്മിനെ സമാനതകളില്ലാത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പാര്‍ട്ടി ബന്ധം നോക്കി ആദിവാസി പ്രമോട്ടര്‍മാരുടെ നിയമന നീക്കം കൂടി വിവാദത്തിലാകുന്നത്. വ്യക്തപരമായ അഭിപ്രായം മാത്രമാണെന്നും സംഘടനയുടെ നിലപാടുമായി യാതൊരു ബന്ധവും ഇല്ലെന്നും എകെഎസ് ജില്ലാ നേതൃത്വം പ്രതികരിച്ചു.