കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം നടത്തുക.
പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ & ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.