യുഎഇയിൽ തൊഴിൽ പെർമിറ്റ് കാലാവധി മൂന്ന് വർഷമാക്കാനുള്ള ശിപാർശ പാർലമെന്റായ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. നിലവിൽ രണ്ട് വർഷം കാലാവധിയുള്ള തൊഴിൽ പെർമിറ്റിന്റെ കാലാവധി ഇനി മൂന്ന് വർഷമായി മാറും. മലയാളികൾ അടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസകരമാണ് ഈ തീരുമാനം.
ഓരോ രണ്ടുവർഷവും തൊഴിൽ പെർമിറ്റ് പുതുക്കാൻ തുക ചെലവിടേണ്ടി വരുന്ന തൊഴിലുടമകളുടെ അധികഭാരം കുറക്കാൻ ലക്ഷ്യമിട്ടാണ് പെർമിറ്റിന്റെ കാലാവധി നീട്ടാൻ ഇതുസംബന്ധിച്ച പാർലമെന്ററി സമിതി ശിപാർശ മുന്നോട്ടുവെച്ചത്. തൊഴിൽ പെർമിറ്റില്ലാതെ യു.എ.ഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. മാനുഷിക വിഭവ ശേഷി മന്ത്രാലയമാണ് പെർമിറ്റ് അനുവദിക്കുന്നത്. ജീവനക്കാരൻ പ്രൊബേഷൻ കാലാവധിക്ക് ശേഷം ഒരുവർഷം കൂടി തൊഴിലുടമക്ക് കീഴിൽ ജോലിചെയ്യണമെന്ന നിർദേശത്തിനും എഫ്എൻസി അംഗീകാരം നൽകി. എന്നാൽ, ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം തൊഴിലുടമക്കെടുക്കാം. തൊഴിൽ മാറുമ്പോൾ തൊഴിൽ പെർമിറ്റ് ഫീസ് ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.