തിരുവനന്തപുരം: മണ്ണാർക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ രാജനാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനെ കുറിച്ച് ഇത്ര വലിയ അഴിമതി ആരോപണം കേൾക്കേണ്ടിവന്നത് ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരു അഴിമതിക്കും സർക്കാർ കൂട്ടുനിൽക്കില്ല. ജനങ്ങൾ ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച് വിവരങ്ങൾ കൈമാറാനായി ജൂൺ മാസം മുതൽ പോർട്ടൽ തുടങ്ങും. മൂന്നുവർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റുമാരെ ഉൾപ്പടെ മാറ്റി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ, സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
.
അതേസമയം, അറസ്റ്റിലായ സുരേഷ് കുമാറിനെ അടുത്ത മാസം ഏഴ് വരെ റിമാൻഡ് ചെയ്തു. തൃശ്ശൂര്‍ വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്.
ഒരു കോടിയിലധികം രൂപയാണ് സുരേഷ് കുമാറിൽ നിന്നും കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്. പണത്തിനു പുറമെ സുരേഷ്‌കുമാറിന്റെ മുറിയിൽ നിന്ന് തേനും കുടംപുളിയും വരെ കണ്ടെടുത്തിരുന്നു.
സുരേഷ് കുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും 35 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്