കൊച്ചി: ബാഗിൽ വെടിയുണ്ട മാത്രമാണെങ്കിൽ കുറ്റകൃത്യമാവില്ലെന്ന് കേരള ഹൈക്കോടതി. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കേരളാ ഹൈക്കോടതി സിഗിംൾ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ആയുധം കൈവശം വെയ്ക്കുന്നത് കുറ്റകൃത്യം ചെയ്യുന്നതിനുളള ബോധപൂർവമായ പ്രവർത്തിയാണങ്കിൽ മാത്രമേ അത് കുറ്റകരമാകൂവെന്നും ഹൈക്കോടതി പറഞ്ഞു. ഈ നിയമവശം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് ബാഗിൽ നിന്ന് വെടിയുണ്ട പിടികൂടിയ സംഭവത്തിൽ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട സ്വദേശിയായ വ്യവസായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.