ബഹ്‌റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും. ജൂൺ 14 വരെ പ്രതിദിനം ഓരോ സർവിസും ജൂൺ 15 മുതൽ മൂന്നു സർവിസുകൾ വീതവുമാണു ഗൾഫ് എയറും ഖത്തർ എയർവേയ്സും നടത്തുക.
ഒരു ഇടക്കാലത്തിനു ശേഷം ബഹ് റൈനും ഖത്തറിനുമിടയിലുള്ള വിമാന സർവീസുകൾ നാളെ പുനരാരംഭിക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഭരണാധികാരികളുടെ അഭിലാഷം കൂടിയാണു സഫലമാകുന്നത്. ഗൾഫ് എയർ വിമാനം നാളെ രാവിലെ 9.30നു ബഹ് റൈനിൽ നിന്ന് പുറപ്പെട്ട് 10.15 നു ദോഹയിലെത്തും. ദോഹയിൽ നിന്ന് ഖത്തർ എയർവെയ്സ് വിമാനം രാത്രി എട്ടിനു പുറപ്പെട്ട് 8.50നു ബഹ് റൈനിൽ എത്തും.
നാളെ മുതൽ ആരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകളുടെ ബുക്കിംഗ് ഇരു എയർലൈനുകളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ജൂൺ 15 മുതൽ പ്രതിദിനം ആറു സർവീസുകളായി വർധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.