മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു പുതിയ അപ്‌ഡേറ്റുമായി വരുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ അവർക്ക് ഇഷ്ട്ടമുള്ള ഉപയോക്തൃ നാമങ്ങൾ അഥവാ യൂസർ നെയിം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ഭാവി അപ്‌ഡേറ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് WABetaInfo എന്ന പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. WABetaInfo പങ്കിട്ട ഒരു സ്‌ക്രീൻഷോട്ടിൽ ആപ്പിന്റെ സെറ്റിങ്സിൽ യൂസർ നെയിം ചേർക്കാനുള്ള ഓപ്‌ഷൻ ഉള്ളതായാണ് വിവരം. ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്സ് മെനുവിലൂടെ ഈ സേവനം ഉപയോഗിക്കാൻ കഴിയും.
ഒരു യൂസർ നെയിം തെരഞ്ഞെടുക്കുന്നതിലൂടെ കോൺടാക്റ്റ് ഐഡന്റിഫിക്കേഷനായി ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ നമ്പരുകൾക്ക് പകരം അവർക്ക് വ്യത്യസ്തവും എളുപ്പത്തിൽ ഓർക്കാവുന്നതുമായ യൂസർ നെയിം സ്വയം തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മറ്റൊരാളുടെ ഫോൺ നമ്പറുകൾ അറിയില്ലെങ്കിലും യൂസർ നെയിം നൽകി മറ്റുള്ളവരുമായി ചാറ്റിംഗ് ആരംഭിക്കാൻ കഴിഞ്ഞേക്കും.
WhatsAppൽ യൂസർ നെയിം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമല്ലെങ്കിലും യൂസർ നെയിമിലൂടെ ആരംഭിക്കുന്ന ചാറ്റുകളും ആപ്പിന്റെ ശക്തമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷയും ഒരു മുൻഗണനയായി തുടരുമെന്നും ആപ്പ് ഉറപ്പാക്കുന്നു. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ ഇത് പരീക്ഷിക്കാൻ ബീറ്റ ടെസ്റ്റർമാർക്ക് അവസരം ലഭിക്കുമെന്നുമാണ് വിവരം.
വാട്‌സ്ആപ്പില്‍ അയക്കുന്ന മെസേജുകള്‍ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ അപ്ഡേറ്റ്അടുത്തിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനുള്ളിലാണ് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം ലഭ്യമാക്കി വരികയാണെന്നും വരും ആഴ്ചകളില്‍ എല്ലാ രാജ്യങ്ങളിലേക്കും സേവനം എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും വാട്ട്സ്ആപ്പ് പ്രസ്താവനയിൽ അറിയിച്ചു.