തിരുവനന്തപുരം∙ അഴിമതിക്കും അഴിമതിക്കാർക്കും എതിരെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ.രമ രംഗത്ത്. ‘ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി, ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെ’ന്ന് രമ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ലർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കോവിഡിന്റെ മറവിൽ മാസ്‌കിലും മരുന്നിലും പിപിഇ കിറ്റുകളിലും തട്ടിപ്പ്, റോഡ് ക്യാമറ ഇടപാടിലെ അഴിമതി എന്നിങ്ങനെ അനേകം കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി, അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്ന് കെ.കെ.രമ ഫെയ്സ്ബുക്കിൽ കുറിച്ചു.
എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ലെന്നും അപചയം പൊതുവിൽ അപമാനകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കേരള മുനിസിപ്പൽ കോർപ്പറേഷൻ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിലാണ് കെ.കെ.രമ എംഎൽഎയുടെ പരിഹാസം.
കെ.കെ.രമയുടെ കുറിപ്പിന്റെ പൂർണരൂപം
ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുമ്പോൾ…
കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്റിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേട്ടു. ശരിയാണ്. അഴിമതിക്കാർ നമ്മുടെ നാടിനു നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരൻ ശിക്ഷിക്കപ്പെടണം. അയാൾക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കിൽ അവരും നിയമത്തിന്റെ മുന്നിലെത്തണം.പക്ഷേ ഈ ദുഷ്പേരിൽ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരർ അഴിമതിക്കേസിൽ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്. ആനയെ കട്ടവനെയോർത്ത് മുഖ്യമന്ത്രിക്ക് നാണമില്ല. ചേന കട്ടവനെക്കുറിച്ച് ഹയ്യോ, എന്തൊരു നാണക്കേടും ദുഷ്പ്പേരും.!
പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ!. ഓഖി ഫണ്ട് തട്ടിപ്പ്, സ്‌പ്രിംഗ്ളർ ഇടപാടിലെ അഴിമതി, ലൈഫ് മിഷൻ, കൊറോണയുടെ മറവിൽ മാസ്‌കിലും മരുന്നിലും പിപിഇ കിറ്റുകളിൽ പോലും നടന്ന തട്ടിപ്പുകൾ, എഐ ക്യാമറ ഇടപാടഴിമതി…ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലിൽ നിൽക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെ.