ഗുവാഹത്തി: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലെ സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
‘‘അടുത്ത വർഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. കോൺഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടു. ലോക്‌സഭയിൽ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. നിഷേധാത്മക നിലപാടാണ് കോൺഗ്രസിനുള്ളത്. പുതിയ പാർലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്നാൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോൺഗ്രസ് അത് ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുകയാണ്’’– അമിത് ഷാ പറഞ്ഞു.
കോൺഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചേർന്ന് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.