ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും നേട്ടമുണ്ടാക്കി സിദ്ധരാമയ്യ. ധനകാര്യം, കാബിനറ്റ് അഫയേഴ്സ്, ബ്യൂറോക്രസി ആൻഡ് ഇന്റലിജൻസ് തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം സിദ്ധരാമയ്യയ്ക്കാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാറിന് ജലവിഭവം, ബെംഗളൂരു വികസന വകുപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഇന്ന് 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത 10 പേർക്കു പുറമെയാണിത്. മന്ത്രിസഭാ വികസനം പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പു വിഭജനത്തിൽ ചർച്ച തുടരുന്നത്. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് സിദ്ധരാമയ്യയും ശിവകുമാറും ബലം പിടിച്ചതോടെ, നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അന്തിമ തീരുമാനം കൈക്കൊള്ളാനായത്.
ഇതിനു പിന്നാലെ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 12 പേരും ആദ്യമായി മന്ത്രി സ്ഥാനത്തെത്തുന്നവരാണ്.