പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്. കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരുക്കുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് എൻ ഐ എ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റർ പതിച്ചത്.
അതേസമയം, രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. :മധ്യ പ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. പതിമൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ ഐ എ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എൻ ഐ എ വിവരിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനിൽ പങ്കാളികളായെന്ന് ദേശീയ അന്വേഷണ ഏജൻസി പറയുന്നു.