ചിന്നക്കനാലിന് ശേഷം കമ്പത്തെയും ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മാറ്റാനുള്ള രണ്ടാം ദൗത്യത്തിന്റെ ചുമതല ഇത്തവണ തമിഴ്‌നാട് വനംവകുപ്പിനാണ്. മയക്കുവെടി വയ്ക്കാനും ആനയെ തുരത്താനുമുള്ള സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് സജ്ജമെങ്കിലും ആനകേറാമലയോളം വെല്ലുവിളികളാണ് ദൗത്യസംഘത്തിന് മുന്നിലുള്ളത്.
ചുരുളി വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിച്ച വിവരമെങ്കിലും ഇതുവരെ ആനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആന കാടുകയറിയെന്നും സൂചനയുണ്ട്. ജിപിഎസ് സിഗ്നല്‍ കുത്തനാച്ചിയാര്‍ റിസര്‍വ് ഫോറസ്റ്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അരിക്കൊമ്പനെ ഇതുവരെ നേരില്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയായി മുന്നിലുണ്ട്. മാത്രവുമല്ല ആന കാട്ടിലേക്ക് നീങ്ങിയാല്‍ മയക്കുവെടി ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ നിയമതടസവുമുണ്ടാകും.
ആനയെ കണ്ടെത്തിയാലും നിരവധി പ്രശ്‌നങ്ങള്‍ പിന്നെയും പരിഹരിക്കാനുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിക്കൊണ്ട് മാത്രമേ മയക്കുവെടി വയ്ക്കാന്‍ സാധിക്കൂ. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മയക്കുവെടി വയ്ക്കുന്നത് അപകടകരമാണ്.
തൊട്ടടുത്ത് ജനവാസ മേഖലയുള്ളതാണ് അടുത്ത വെല്ലുവിളി. മാത്രമല്ല ആന ചുരുളിയിലേക്ക് കയറുമ്പോള്‍ കടന്നുവന്ന പ്രദേശങ്ങളില്‍ ധാരാളം കൃഷിയിടങ്ങളുമുണ്ട്. കാട്ടാന കൃഷി നശിപ്പിക്കുന്നതില്‍ നാട്ടുകാര്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം അറിയിച്ചും കഴിഞ്ഞു. ദൗത്യത്തിനായി വളരെ സൂക്ഷ്മതയോടെ നീങ്ങേണ്ട സാഹചര്യമാണ് ഇപ്പോള്‍ വനംവകുപ്പിന് മുന്നിലുള്ളത്.
ശ്രീവില്ലി പുത്തൂര്‍ മേഘമലെെ ടൈഗര്‍ റിസര്‍വ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് മിഷന്‍ അരി കൊമ്പന്റെ ചുമതല. മയക്കു വെടി വെക്കാന്‍ ഹെസൂര്‍ ഡിവിഷനില്‍ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനില്‍ നിന്ന് ഡോ. പ്രകാശും ആണ് എത്തിയിരിക്കുന്നത്. മുത്തു, സ്വയംഭൂ എന്നീ രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തുരത്താനായി തയാറെടുത്തിരിക്കുന്നത്.