Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ യംഗം ചേർന്നത്. 2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്സണ്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ  ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു  താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ  എടുക്കണം. 

സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നിയമപരമായി പരിശോധിച്ചു തന്നെ കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുമെന്നും ഒരു ദിവസം രണ്ട്  യാത്രകൾ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താമെന്നും അതിന് നിര്‍ബന്ധമായും കണ്‍സഷന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാര്‍ത്ഥികളുടെയും യോഗം ചേരും.

വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകളും കോളെജുകളും സ്വമേധയായി വരുകയാണെങ്കില്‍ ആര്‍.ടി.ഒയുമായി സഹകരിച്ച് കണ്‍സഷന്‍ ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ ബസ് സ്റ്റാന്‍ഡിലും കോളെജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടര്‍ പറഞ്ഞു.

ഗവ മോയന്‍ ഗേള്‍സ് സ്‌കൂളിലെ അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാറ്റം വരുത്തുന്നതിനാല്‍ ജൂലൈ ഒന്ന് വരെ സ്‌കൂളില്‍ നിന്നും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നല്‍കുന്ന മുറയ്ക്ക് കണ്‍സഷന്‍ നല്‍കുമെന്ന് എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചാല്‍ കെഎസ്ആർടിസി കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments